Monday, May 12, 2008

മുസഫര്‍ അഹമ്മദ് "കുടി"യില്‍

മലപ്പുറം ജില്ലയിലെ കൊളത്തൂരിലുള്ള 'കുടി' എന്ന ചെറുവീട് സമീപപ്രദേശങ്ങളിലുള്ള കലാ-സാംസ്കാരികപ്രവര്‍ത്തകരുടെ സംഗമകേന്ദ്രമാണ്. നാടകം, ചിത്രകല, സാഹിത്യം ഇങ്ങനെ വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ ഒരഭയകേന്ദ്രം. കൊളത്തൂരങ്ങാടിയില്‍നിന്ന് അല്പം ഉള്ളോട്ടുമാറി, പ്ലാവും മാവും മറ്റു ഫലവൃക്ഷങ്ങളും നിറഞ്ഞ തോട്ടങ്ങള്‍ക്കുനടുവിലാണ് കുടി. പ്രശസ്തശില്പി ശാന്തന്‍ കുടിയുടെ മുറ്റത്ത് 12 അടി ഉയരമുള്ള ഒരു കോണ്‍ക്രീറ്റ് ശില്പം നിര്‍മ്മിച്ചിട്ടുണ്ട്. ഈ ശില്പത്തറയില്‍വെച്ചാണ് എന്റെ 'രണടായ് മുറിച്ചത്' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തത്. ഹരിതകത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞവര്‍ഷം ഇവിടെ ഒരു വിവര്‍ത്തനശില്പശാലയും സംഘടിപ്പിക്കുകയുണ്ടായി. സമകാലികലോകകവിതകളാണ് വായനക്കും വിവര്‍ത്തനത്തിനുമായി തെരഞ്ഞെടുത്തത്. ഇരുപതോളം കവികള്‍ അതില്‍ പങ്കുകൊണ്ടു.

ഇന്നലെ, കവിയും ജിദ്ദയില്‍ പത്രപ്രവര്‍ത്തകനുമായ മുസഫര്‍ അഹമ്മദായിരുന്നു കുടിയിലെ മുഖ്യാതിഥി. അദ്ദേഹം തന്റെ ഗള്‍ഫ് അനുഭവങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചു. അറബികളുടെ ബൃഹത്തും തനതുമായ സംസ്കൃതി വേണ്ടവിധം ലോകം മനസ്സിലാക്കിയിട്ടില്ല എന്നാണ് മുസഫറിന്റെ നിരീക്ഷണം. അറബിനാടുകളെക്കുറിച്ച് ലോകത്തിനു ഒരു മുന്‍വിധിയുണ്ട്. വരണ്ട മണല്‍പ്പരപ്പും എണ്ണയും മാത്രമുള്ള അവിടെ കലകളൊന്നും ഉണ്ടായിരിക്കാനിടയില്ലെന്നാണ് അത്. അതുശരിയല്ല. ദാര്‍വിസിന്റേയും അഡോണിസ്സിന്റേയും കവിതകള്‍ മാത്രമല്ല, നാടകവും സംഗീതവും ചിത്രകലയും സിനിമയുംകൊണ്ടു സമ്പന്നമാണ് ഇന്നത്തെ അറബ് ലോകം.

മലയാളികളായ ധാരാളം പ്രവാസികള്‍ അറബ് നാടുകളിലുണ്ടെങ്കിലും അവരുടെ തനതുസംസ്കൃതിയെ അന്വേഷിച്ചറിയാന്‍ ശ്രമിച്ചവര്‍ വിരളമാണ്. പണവും ഇലക്ട്രോണിക് ഉപകരണങ്ങളും സെന്റും തുണിത്തരങ്ങളുമെല്ലാം കൊണ്ടുവന്നിരുന്ന മലബാറിലെ ഗള്‍ഫുകാര്‍ ഒരിക്കലും അറബികളുടെ സാഹിത്യത്തെപ്പറ്റിയോ സംഗീതത്തെപ്പറ്റിയോ പറഞ്ഞുകേള്‍ക്കാറില്ല. മുസഫര്‍ അത്തരമൊരു ഗള്‍ഫുകാരനല്ല. പരന്ന വായനയും അടങ്ങാത്ത ജിജ്ഞാസയും സുദീര്‍ഘയാത്രകളും പത്രപ്രവര്‍ത്തനപരിചയവും അദ്ദേഹത്തെ വ്യത്യസ്തനായ ഒരു ഗള്‍ഫുകാരനാക്കുന്നു. എല്ലാവരും ഗള്‍ഫില്‍നിന്ന് പണം കൊണ്ടുവരുമ്പോള്‍ മുസഫര്‍ ചരിത്രവും സംസ്കാരവും കൊണ്ടുവന്നു.

കൂട്ടത്തില്‍ സംഗീതവും! മാര്‍സല്‍ ഖലീഫ് എന്ന ലെബനന്‍ പാട്ടുകാരനെ ഞങ്ങള്‍ക്കു പരിചയപ്പെടുത്തിയത് മുസഫറാണ്. അദ്ദേഹത്തിന്റെ സംഗീതജീവിതത്തെക്കുറിച്ചുള്ള "മാര്‍സല്‍ ഖലീഫ് - വോയേജര്‍" എന്ന ഡോക്യുമെന്ററി സിനിമ മുസഫര്‍
ഞങ്ങളെ കാണിക്കാനായി കൊണ്ടുവന്നിരുന്നു. രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ അസാധാരണചിത്രം കണ്ടശേഷം പാതിരക്കാണ് എല്ലാവരും പിരിഞ്ഞുപോയത്.

Tuesday, April 15, 2008

ഒരു കൈ

അവശിഷ്ടങ്ങളുടെ കൂമ്പാരത്തിനടിയില്‍നിന്ന്‌ ഒരു കൈ മാത്രം നീണ്ടു. ഉയരെനിന്നുള്ള കഴുകന്‍കണ്ണുകള്‍ക്ക്‌ തലപൊക്കിനോക്കുന്ന ഒരു മാന്‍കുഞ്ഞാണോ എന്നു തോന്നിക്കും. മണിക്കൂറുകള്‍ക്കുമുമ്പ്‌, ആവതും ഇളകിക്കൊണ്ട്‌, 'സഹായിക്കൂ, പുറത്തെടുക്കൂ' എന്ന്‌ പലതരം ആംഗ്യങ്ങള്‍ അതു കാണിച്ചിരിക്കണം.

ഇപ്പോള്‍ ശാന്തം. സ്വസ്ഥനായ ഗൃഹസ്ഥന്‍ പടിവാതില്‍ക്കല്‍ അതിഥിക്കുനേരെ എന്നപോലെ, ലോകത്തിനു സൗഹാര്‍ദ്ദപൂര്‍വ്വം നീട്ടിയ ഒരു കൈ.