ദൃശ്യ അദൃശ്യയായി എങ്കിലും അതു ലക്ഷ്യംവെച്ച ചലച്ചിത്രസംസ്കാരത്തെ ഞങ്ങള്‍ പിന്തുടര്‍ന്നു. അടൂരിന്റേയും അരവിന്ദന്റേയും പടങ്ങള്‍ റിലീസ് ചെയ്യുന്ന ദിവസം തിയ്യേറ്ററിലെത്തി. എലിപ്പത്തായം പൊന്നാനിയിലെത്തിയപ്പോള്‍ മാറ്റിനിക്കു കയറി. പടം കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് ഓര്‍മ്മ വന്നത്. പു.ക.സ താലൂക്കു കമ്മിറ്റിയുണ്ട്. മീറ്റിങ് നടക്കുന്ന സ്കൂളിലെത്തിയപ്പോഴെക്കും യോഗം ആരംഭിച്ചിരിക്കുന്നു. സഖാവ് ഇ.യു.ജി മേനോനാണ് അദ്ധ്യക്ഷന്‍. കര്‍ക്കശന്‍. വന്ദ്യവയോധികന്‍. വൈകിയെത്തിയതിന് അദ്ദേഹം കാരണമാരാഞ്ഞു. സിനിമ കാണാന്‍ പോയതാണെന്നു ഞാന്‍. ഏതു സിനിമ എന്നായി. "എലിപ്പത്തായം. അടൂരിന്റെ മാസ്റ്റര്‍പീസ് വര്‍ക്കാണ്.” ഞാന്‍ അഭിമാനത്തോടെ പറഞ്ഞു.
സിനിമകളെക്കുറിച്ചൊന്നും വലിയ പിടിയില്ലാത്ത സഖാവ് അതില്‍ പുരോഗമനാശയമുണ്ടോ എന്നാണ് ആരാഞ്ഞത്. എന്റെ മൌനം കണ്ടിട്ട് അദ്ദേഹം ചോദിച്ചു. “ആട്ടെ, എന്താണ് അതിലെ കഥ?” എനിക്കു ദേഷ്യവും നിരാശയും തോന്നി. കഥയും ആശയവും നോക്കി പുരോഗമനം നിശ്ചയിക്കുന്ന ഈ സംഘത്തിന്റെ മുന്നില്‍ വിചാരണചെയ്യപ്പെടേണ്ടിവന്നതില്‍ ലജ്ജ തോന്നി. പക്ഷെ ഇ.യു.ജി മഹാത്യാഗിയായ ഒരു സഖാവാണ്. പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചയാള്‍. അദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് സാഹിത്യത്തിന്റെ മാനദണ്ഡങ്ങളേ അറിയുള്ളു. അവരുടെ പരിമിതി മനസ്സിലാക്കി പെരുമാറുകയാണ് നല്ലത്. "മാന്യനെങ്കിലും ഭീരുവായ ഒരാള്‍ യാഥാര്‍ത്ഥ്യത്തെ പേടിച്ചു കുടുങ്ങുന്നതാണ് കഥ.” ഒറ്റവാക്യത്തില്‍ ഞാന്‍ ഉത്തരം പറഞ്ഞു. "എന്നാല്‍ സിനിമയുടെ പേര് എലിപ്പത്തായം എന്നല്ല വേണ്ടത്. “പേടിച്ചുപേടിച്ചു കുടുങ്ങി" എന്നാവണം.” ഇ.യു.ജി അഭിപ്രായപ്പെട്ടു. "പേരു കേട്ടാല്‍ത്തന്നെ കഥ മനസ്സിലാകണം. ഇ.കെ.അയമു 'ജ്ജ് നല്ല മന്സനാകാന്‍ നോക്ക്' എന്നല്ലേ നാടകത്തിനു പേരിട്ടത്? അതാണ് തൊഴിലാളിവര്‍ഗ്ഗസാഹിത്യം.”
സിനിമയുടെ കാര്യത്തില്‍ ഇ.എം.എസ്സായാലും ഇ.യു.ജിയായാലും ഇടതുപക്ഷചിന്ത ബഹുദൂരം പിന്നിലായിരുന്നു. ടെലിവിഷന്‍ കൂടി വന്നപ്പോഴേക്കും ദൃശ്യബിംബങ്ങളുടെ ആഘാതശക്തി വലിയൊരു സാംസ്കാരികാക്രമണമായിത്തീര്‍ന്നു. ഇ.യു.ജി ഇന്നുണ്ടായിരുന്നെങ്കില്‍ കൈരളി ചാനലിലെ ജനപ്രിയപരിപാടികളെ അദ്ദേഹം എങ്ങനെ കാണുമായിരുന്നു എന്നാലോചിച്ചാല്‍ സങ്കടം തോന്നും.
Dostoevsky yude novelukal mohabhangathinte novalukal aaanennu V intial ulla oru pramukhaniroopakan paranjathaaayi oru muthirnna sakhaaavu ennodu paranjittundu, 1985 il.
ReplyDeletevivarakkedinte vivekachoodaamanikal !
പലതും ചിന്തിക്കാൻ ഒരവസരമൊരുക്കി ഈ കുറിപ്പ്, നന്ദി. ഇയുജിയുടെയൊക്കെ വീക്ഷണം- സങ്കുചിതമെങ്കിലും ഉദ്ദേശശുദ്ധിയാൽ മാപ്പുനൽകാമായിരുന്നു. കാണെക്കാണെ വിശാലമാകുന്ന, കൈരളിയും മുകുന്ദനുമൊക്കെ ഉൾക്കൊള്ളുന്ന പുതിയ വീക്ഷണമോ?
ReplyDelete