Thursday, May 13, 2010

കരയുന്ന പ്രൊജക്ടര്‍

തൃശ്ശൂരില്‍നിന്നുള്ള ഒരു മടക്കയാത്രയ്ക്കിടയില്‍ കുന്നംകുളത്ത് ബോയ്സ് ഹൈസ്കൂളിന്റെ മതിലിന്മേല്‍ കരിക്കട്ടകൊണ്ടെന്നപോലെ കറുപ്പിച്ചു വലുതായ അക്ഷരങ്ങളില്‍ ഒരു പോസ്റ്റര്‍ കണ്ടു. AN INCIDENT AT OWLCREAK. പ്രദര്‍ശനമുണ്ടെന്ന അറിയിപ്പാണ്. അവിടെയിറങ്ങി. ജനലും വാതിലുമില്ലാത്ത ഒരു ക്ലാസ് മുറിയിലാണ് പരിപാടി. സ്ക്രീനില്‍ പ്രകാശം കമ്മി. പ്രൊജക്ടറില്‍ സ്പൂള്‍ കറങ്ങുമ്പോള്‍ കിരുകിരാ എന്നു കരച്ചില്‍ ശബ്ദമുയരും. പ്രൊജക്ടറില്‍നിന്നു പുറപ്പെടുന്ന പ്രകാശരശ്മികളില്‍നിന്ന് മുറിയില്‍ നിറഞ്ഞ ബീഡിപ്പുകയുടെ സാന്ദ്രത മനസ്സിലാക്കാം.

പടം തുടങ്ങി. ഔള്‍ക്രീക്ക് എന്ന പാലത്തില്‍വെച്ച് സൈനികര്‍ ഒരു പട്ടാളക്കാരനെ തൂക്കിക്കൊല്ലുന്നു. എന്നാല്‍ കയര്‍ പൊട്ടി അയാള്‍ താഴെ നദിയില്‍ വീഴുന്നു. അയാള്‍ എങ്ങനെയൊക്കെയോ നീന്തിക്കയറി വീടിന്റെ പടിക്കലെത്തി, ഓടിവരുന്ന ഭാര്യയെ ആലിംഗനം ചെയ്യാനായുന്നു. പെട്ടെന്ന് ടിക് എന്നൊരു ശബ്ദം. സീന്‍ മാറി. ഇപ്പോള്‍ ആ പട്ടാളക്കാരന്‍ തൂക്കുകയറില്‍ ആടുന്നു. മരണത്തിനുതൊട്ടുമുമ്പ് അയാള്‍ കണ്ട സ്വപ്നമാണ് നാം കണ്ടത് എന്ന തിരിച്ചറിവ് വലിയ ഷോക്കായിരുന്നു. പടം അവസാനിക്കുന്നത് മൃതദേഹം കയറില്‍ തൂങ്ങിയാടുന്ന ഭീകരദൃശ്യത്തോടെയാണ്. അതിനു പശ്ചാത്തലമെന്നോണം പഴയ പ്രൊജക്ടറില്‍നിന്നു് സ്പൂള്‍ കറങ്ങുമ്പോഴത്തെ കരച്ചില്‍ശബ്ദവും.

സിനിമ കാണല്‍ ഒരു ആക്ടിവിസമായി കരുതിയ കാലമായിരുന്നു അത്. സമാന്തരമായ ഏതു പ്രവര്‍ത്തനവും വിപ്ലവകരമായിരുന്നു. എല്ലാവരും കാണുന്നത് കാണാതിരിക്കുക. എല്ലാവരും വായിക്കുന്നത് വായിക്കാതിരിക്കുക. എല്ലാറ്റിനും വേറിട്ട ഒരു വഴി. ഇന്ന് തിരുവനന്തപുരത്തെ ഫിലിംഫെസ്റ്റിവലില്‍ എ.സി തിയ്യേറ്ററിലിരുന്ന് അത്യാധുനിക സാങ്കേതിവിദ്യയില്‍ സിനിമ കാണുന്നതിനേക്കാള്‍ ആവേശം കുന്നംകുളത്തെ ആ സര്‍ക്കാര്‍ക്ലാസ് മുറിയിലെ പ്രാകൃതസാങ്കേതികോപകരണം തന്നിരുന്നു എന്നതാണു വാസ്തവം. കേവലം ഒരു സിനിമ കാണല്‍ മാത്രമായിരുന്നില്ല അത്. ഒരു സമാന്തരപ്രസ്ഥാനത്തില്‍ പങ്കാളിയാവുന്നതിന്റെ ആവേശമാണ്. വ്യക്തിപരമായ ആസ്വാദനമാണ് ചലച്ചിത്രോത്സവങ്ങളെങ്കില്‍ സാമൂഹികമായ പങ്കാളിത്തമാണ് ഫിലിംസൊസൈറ്റി പ്രസ്ഥാനം എണ്‍പതുകളില്‍ നിര്‍വ്വഹിച്ചത്.

1 comments:

  1. അന്ന് മാഷ് നേരിട്ട് പറഞ്ഞപ്പോള്‍ ഉണ്ടായ ഒരു feeling ഇപ്പോഴും
    ഓര്‍ക്കുന്നു .
    നന്ദി, വാമൊഴിക്കും വരമൊഴിക്കും .
    തിരമൊഴി കൂട്ടല്‍ എന്റെ വക ഇതാ : youtube link

    http://www.youtube.com/watch?v=2jLxlyTrAC4

    ReplyDelete