Thursday, August 05, 2010

പാതാളം 4

അന്വേഷണം തുടങ്ങി ഏഴു മണിക്കൂര്‍ പിന്നിട്ടിട്ടും അച്ചുവിനെ കണ്ടെത്താന്‍ കഴിയാത്ത പോലീസിനെ അരുണേട്ടന്‍ നിശിതമായി വിമര്‍ശിച്ചു. അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളില്‍ പോലീസ് സേനയ്ക്കു പരിശീലനമില്ല. അതാണു കാരണം. കാണാതായ കുട്ടികള്‍ എവിടെയാണിരിക്കുന്നതെന്നു കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ അടുത്തുതന്നെ താന്‍ പുറത്തിറക്കുമെന്നും അരുണേട്ടന്‍ പ്രഖ്യാപിച്ചു. എല്ലാവരും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.

ഹെവന്‍ലി അപാര്‍ട്മെന്റിലെ ഇരുപത്തിയെട്ടു കുടുംബങ്ങളും പങ്കെടുത്ത അടിയന്തര വിഡിയോ കോണ്‍ഫറന്‍സിലാണ് അരുണേട്ടന്‍ ഇങ്ങനെ ക്ഷുഭിതനായി സംസാരിച്ചത്. ഓരോരുത്തരും അവരവരുടെ മുറിയില്‍ കംപ്യൂട്ടറില്‍ ഘടിപ്പിച്ച വെബ്ക്യാമിനു മുന്നിലിരുന്നാണ് യോഗത്തില്‍ പങ്കെടുത്തത്.

അപാര്‍ട്മെന്റിലെ സുരക്ഷാസംവിധാനവും നവീകരിക്കേണ്ടതുണ്ട്. അരുണേട്ടന്‍ വീണ്ടും പുതിയ ആശയങ്ങളുമായി രംഗത്തുവന്നു. ലിഫ്റ്റിലും ഓരോ ഫ്ലോറിലെയും പൊതുസ്ഥലത്തും ഒളിക്യാമറകള്‍ സ്ഥാപിക്കണം. ആളുകളുടെ പോക്കുവരവ് നിരീക്ഷിക്കാന്‍ താഴത്തെ നിലയിലെ ഓഫീസില്‍ മോണിറ്റര്‍ വേണം. ഈ സംവിധാനമുണ്ടായിരുന്നെങ്കില്‍ അച്ചു എപ്പോള്‍ എങ്ങിനെയാണ് പുറത്തുപോയതെന്ന് നമുക്കുതന്നെ കണ്ടുപിടിക്കാമായിരുന്നു.

അതു വേണ്ടതുതന്നെയാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. ഏഴാംനിലയിലെ ബിസിനസ്സുകാരന്‍ ജേക്കബേട്ടന്റെ ഭാര്യ ലീമോള്‍ അതിനനുബന്ധമായി മറ്റൊരു കാര്യംകൂടി നിര്‍ദ്ദേശിച്ചു. കുട്ടികളെപ്പോലെ പ്രായം ചെന്നവരുടെ മേലും നമുക്കൊരു കണ്ണു വേണ്ടേ? അതുകൊണ്ട് വയസ്സായവരുടേയും രോഗികളുടേയും മുറികളില്‍ അത്തരം വെബ്ക്യാമറകള്‍ വെക്കുന്നതു നന്നായിരിക്കും. ഉദാഹരണത്തിന് ഇപ്പോള്‍ അച്ചുവിന്റെ മുത്തശ്ശിയുടെ കാര്യം നോക്കൂ. അവര്‍ക്കു കാഴ്ചയുമില്ല. ക്യാമറ സ്ഥാപിച്ചാല്‍ അച്ചുവിന്റെ അച്ഛന് ഓഫീസിലിരുന്നും അമ്മയെ നിരീക്ഷിക്കാനാവും.

അരമണിക്കൂറിലധികം യോഗം നീണ്ടില്ല. അപ്പോഴേക്കുംതന്നെ പലരും ധൃതികൂട്ടിക്കൊണ്ടിരുന്നു. ഏതായാലും അച്ചുവിനെ കണ്ടെത്തുന്നതുവരെ ഓണാഘോഷം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു യോഗം പിരിഞ്ഞു.

അച്ഛന്‍ ടീപ്പോയിമേലിരുന്ന ലാപ്‌ടോപ്പ് അടച്ചുവെച്ചു. ഫോണ്‍വിളികളെല്ലാം അടങ്ങിയിരിക്കുന്നു. മുറിയില്‍നിന്ന് മുത്തശ്ശിയുടെ നാമജപം മാത്രമേ കേള്‍ക്കുന്നുള്ളു. അവര്‍ക്ക് മറ്റെന്താണ് ചെയ്യാനാവുക? അയാള്‍ക്ക് സങ്കടം തോന്നി. അയാള്‍ അമ്മയുടെ അരികത്തു ചെന്നു. അവരുടെ കൈയ്യില്‍ ഒരു തുണിസ്സഞ്ചിയുണ്ട്. ഇടയ്ക്കിടെ അതു മാറോടുചേര്‍ത്ത് തേങ്ങുന്നുമുണ്ട്.

അയാള്‍ അമ്മയുടെ മുതുകില്‍ തലോടി. മുത്തശ്ശി മകന്റെ സാന്നിദ്ധ്യമറിഞ്ഞു.
"അച്ചൂനെ കിട്ട്യോ, കുട്ടാ?” അവര്‍ നനഞ്ഞ കണ്ണുതുറന്ന് ചോദിച്ചു.
"ഇപ്പോ കൊണ്ട്‌രും. അമ്മ നാമം ചൊല്ലിയിരുന്നോളോ. പേടിക്കണ്ട.”
അയാള്‍ സ്വയം വിശ്വസിക്കാനാവാത്ത വാക്കുകള്‍ വെറുതെ ഉച്ചരിച്ചു.

"ദൊന്നും കാണാന്റേം കേള്‍ക്കാന്റേം കഴിക്കാര്‍ന്നു. എന്തിനേ കുട്ടാ നീ എന്നെ ഇങ്ങട് കൊണ്ടന്ന്? ഇനിക്കാ മണ്ണുമതിയാര്‍ന്നു. മുഴോനും വേണ്ടേനീം. വെറും ആറടി മണ്ണ്. അത്രേ വേണ്ടൂ ഇനി!”

പെട്ടെന്ന് ലാന്റ് ഫോണ്‍ റിങ് ചെയ്തു. മുത്തശ്ശിയുടെ ആവലാതി മുറിഞ്ഞു. അച്ചുവിന്റെ അച്ഛന്‍ ഹാളിലേക്കോടി. പോലീസില്‍നിന്നാവുമോ? അച്ചുവിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയിരിക്കുമോ? കിടന്നകിടപ്പില്‍നിന്ന് ചാടിയെഴുന്നേറ്റ് അമ്മയും അച്ഛനോടൊപ്പം ചെന്നു.

"ഹലോ...” അച്ഛന്‍ റിസീവറെടുത്തു.
"കുട്ടി ഞങ്ങളുടെ കൈവശമുണ്ട്. വിട്ടുതന്നാല്‍ സാറ് എന്തുതരും?”
"ഹേ! ആരാണ് സംസാരിക്കുന്നത്? അച്ചു നിങ്ങളുടെ കൈയ്യിലുണ്ടെന്നോ? നിങ്ങളാരാ? അവന് എന്തെങ്കിലും പറ്റിയോ?”
"പേടിക്കേണ്ട. അവനൊന്നും പറ്റിയിട്ടില്ല.”
"നിങ്ങളെവിടെയാണെന്നു പറയൂ. ഞാനീ നിമിഷം വണ്ടിയുമായി അവിടെയെത്താം.”
"അതുവേണ്ട. കുട്ടിയെ ഞങ്ങള്‍ അവിടെ വിട്ടുതരാം, പോരേ? പക്ഷെ സാറ് എന്തുതരും?”
"എന്തും തരാം... എനിക്ക് എന്റെ കുട്ടിയാണ് വലുത്... പറയു.. എന്താണു നിങ്ങള്‍ക്കു വേണ്ടത്?”

"മൂന്നടി മണ്ണ്! തരാമോ? ഹ... ഹ... ഹ....”

ആ പൊട്ടിച്ചിരി ഇടയ്ക്കുവെച്ച് കട്ടായി.

.................................. തുടരും>>>

No comments:

Post a Comment