പാതയോരത്തു ചുവന്നതെന്തോ
പാടപോല്‍, മെല്ലെയനങ്ങുന്നുണ്ടോ?
ആരോ വഴിയില്‍ വലിച്ചെറിഞ്ഞ
പോളിത്തീന്‍ കീശയൊന്നല്ലെന്നുണ്ടോ?
ചീറുന്ന വാഹനക്കാറ്റിനൊപ്പം
മേലേയ്ക്കുയര്‍ന്നും കറങ്ങിവീണും
വേലിമുള്ളില്‍ക്കോറി വേദനിച്ചും
വായുമുട്ടും ശ്വാസകോശമായും
എങ്ങോട്ടെന്നില്ലാതെ പാറുന്നതിനെ ഞാന്‍
എന്തിനായ് പിന്തുടരുന്നുവെന്നോ?
ഞാനതിന്‍ പിന്നാലെ പോകയാണോ,
ആയതെന്‍ പിന്നാലെ പോന്നതാണോ?
ആരോടു ചോദിക്കും, ഈ വഴിയോരത്തു
വേറൊരാളേയും ഞാന്‍ കാണുന്നില്ല.
0 comments:
Post a Comment