Thursday, January 19, 2012

എഴുന്നെള്ളിപ്പ്



അക്കിത്തത്തിനെ ഒരിക്കല്‍ക്കൂടി ഇന്റര്‍വ്യു ചെയ്യാന്‍ പോയി. ഇത്തവണ വി.കെ.ശ്രീരാമന്റെ വേറിട്ട കാഴ്ചകള്‍ക്കുവേണ്ടിയായിരുന്നു. മുമ്പൊരിക്കല്‍ ഭാഷാപോഷിണിക്കുവേണ്ടിയും ചെയ്തിട്ടുണ്ട്.
അസ്തമനസൂര്യനെപ്പോലെ ക്ഷീണരശ്മിയായി കാണപ്പെട്ടു. ആരുചെന്നാലും പുഞ്ചിരിയോടെ കൈകൂപ്പി സ്വീകരിക്കും. വാര്‍ദ്ധക്യത്തിന്റെ അവശത ശരീരം പ്രകടിപ്പിച്ചെങ്കിലേ ഉള്ളു. വാക്കിലോ നോക്കിലോ കാണിക്കില്ല.
എട്ടര പതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളും ആലോചനകളും ചാലുകീറിയ പരന്ന നെറ്റിത്തടം. വെള്ളക്കുറ്റിത്താടി. പരുത്തിത്തുണികൊണ്ട് കുടുക്കുകളില്ലാതെ തയ്ച കൈയ്യില്ലാക്കുപ്പായം. കാവിമുണ്ട്. ഊന്നുവടി.
മടികൂടാതെ ക്യാമറയ്ക്കുമുന്നില്‍ ഇരുന്നു. നാരായണനാമം അങ്കനം ചെയ്ത തുണിവിരിച്ച ചാരുകസേരയില്‍. നിഴലുകളുണ്ടാക്കാത്ത കൃത്രിമവെളിച്ചം ആ മുഖത്തടിക്കുന്നു. യൂണിറ്റിലെ ചെറുപ്പക്കാര്‍ ശബ്ദലേഖനത്തിനുള്ള ലേപ്പല്‍ കുപ്പായത്തിന്മേല്‍ പിടിപ്പിക്കുന്നു.
അദ്ദേഹം എല്ലാറ്റിനും വഴങ്ങിക്കൊണ്ട് നിസ്സംഗനായി ഇരിക്കുന്നു. തുഴയാന്‍ ശ്രമിക്കാതെ ഒഴുക്കിനു സ്വയം വിട്ടുകൊടുത്ത മാതിരി. എന്തുവേണമെങ്കിലും ആയിക്കൊള്ളൂ എന്ന മട്ട്.
എനിക്ക് എന്തുകൊണ്ടോ കുറ്റബോധം തോന്നി. ആത്മനിന്ദയും.
ഈ വാര്‍ദ്ധക്യത്തില്‍ എത്രാമത്തെ തവണയായിരിക്കും മീഡിയക്കുവേണ്ടി അദ്ദേഹം ഇരുന്നുകൊടുക്കുന്നത്. ആരെല്ലാം വന്നു. എന്തെല്ലാം ചോദിച്ചു. കവിതയെപ്പറ്റി, ജീവിതത്തെപ്പറ്റി, കാലത്തെയും ലോകത്തേയും പറ്റി. എന്തെല്ലാം പറഞ്ഞു. എന്നിട്ടും ഇങ്ങനെ മടുപ്പു കാണിക്കാതെ....
ഇടയ്ക്ക് എപ്പോഴോ പറഞ്ഞു. :"ജീവിച്ചിരിക്കുമ്പോഴല്ലേ പറ്റൂ?"

എന്തൊരു പ്രസ്താവന! തീര്‍ച്ചയായും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തനിക്കു പറ്റൂ എന്നല്ല. മാധ്യമങ്ങള്‍ക്ക് തന്നെ പ്രയോജനപ്പെടുത്താന്‍ പറ്റൂ എന്നാണ് ഉദ്ദിഷ്ടം. ലോകം തന്നെ എത്രവേണമെങ്കിലും പ്രയോജനപ്പെടുത്തിക്കൊള്ളട്ടെ. അതിനുവേണ്ടി ഇത്തിരി കുനിഞ്ഞുകൊടുക്കാനും തയ്യാര്‍. തിടമ്പുംകൊണ്ടുവരുന്ന ശാന്തിക്കാരന് പുറത്തേറാന്‍ പാകത്തില്‍ മുന്‍കാലു മടക്കി കുനിഞ്ഞുനില്‍ക്കുകയാണ് ഈ സഹ്യന്റെ മകന്‍!
ഇങ്ങനെയാണ് അക്കിത്തം. ആരു വിളിച്ചാലും കൂടെ പോകും. നന്മ നേരും. പ്രസംഗിക്കും. എത്ര പൊട്ടക്കവിതയായാലും വായിച്ച് അവതാരിക എഴുതിക്കൊടുക്കും. അക്കിത്തത്തില്‍നിന്ന് ഇത്രയ്ക്കു നിരുപാധികമായ സ്നേഹം അര്‍ഹിക്കുന്നുണ്ടോ ഈ ലോകം? ലോകത്തിന്റെ വിചാരം തങ്ങള്‍ ഈ കവിയെ എഴുന്നള്ളിച്ചു കൊണ്ടുനടക്കുകയാണ് എന്നാണ്. വാസ്തവമെന്താണ്? അദ്ദേഹം ലോകത്തെ തന്റെ മുതുകത്ത് ഏറ്റിക്കൊണ്ടു സഞ്ചരിക്കുന്നു. എന്നിട്ട് ഞാനല്ല, ഇതെന്റെയല്ല എന്നു ചോദിക്കുന്നവരോടു പറയുകയും ചെയ്യും.
"എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍ / എന്റെയല്ലീമഹാ ക്ഷേത്രവും മക്കളേ!"

No comments:

Post a Comment